കണ്ണൂരില്‍ ആയുര്‍വേദ മാനസികാരോഗ്യ കേന്ദ്രം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്
കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ആയുര്‍വേദ മാനസികാരോഗ്യ കേന്ദ്രം തുടങ്ങുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജില്‍ ഐ പി ബ്ലോക്കിന് മുകളില്‍ പുതുതായി നിര്‍മിച്ച പേ വാര്‍ഡിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ഹെല്‍ത്ത് ഹബ് ആക്കുന്നതിനായി ആയുര്‍വേദ മേഖലയെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ കേരളത്തില്‍, ആയുര്‍വേദ മാനസികാരോഗ്യ ചികിത്സക്കായി കോട്ടക്കല്‍ ആയുര്‍വേദ മാനസികാരോഗ്യ കേന്ദ്രം മാത്രമാണുള്ളത്. ആയുഷിന്‍റെ കീഴിലുള്ള 520 ആയുര്‍വേദ കേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്‍ററുകളാക്കി ഉയര്‍ത്തും. ആയുര്‍വേദ കോളജില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള യുജി അക്കാഡമിക് ബ്ലോക്ക് നിര്‍മിക്കാനുള്ള ആവശ്യം പരിഗണിച്ച് അതിന് വേണ്ട നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും.
നാഷണല്‍ ആയുഷ് മിഷന്‍റെ 1.92 കോടി രൂപ ചെലവഴിച്ചാണ് പേവാര്‍ഡ് നിര്‍മിച്ചത്. അറ്റാച്ച്‌ഡ് ബാത് റൂം സൗകര്യത്തോടു കൂടിയ 21 മുറികളും ഒരു വിഐപി മുറിയും രണ്ട് തെറാപ്പി മുറികളും ഒരു ഡോക്ടറുടെ മുറിയും രണ്ടു നഴ്‌സുമാരുടെ മുറികളുമാണ് കെട്ടിടത്തില്‍ ഒരുക്കിയിട്ടുള്ളത്. എം. വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
കെസിസിപിഎല്‍ ചെയര്‍മാന്‍ ടി.വി. രാജേഷ്, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ടി. സുലജ, ജില്ലാ പഞ്ചായത്തംഗം തമ്പാന്‍, തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്തംഗം സി.ഐ. വത്സല, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷാജി തയ്യില്‍, ആയുര്‍വേദ കോളജ് സൂപ്രണ്ട് ഡോ. എസ്. ഗോപകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. സി.സിന്ധു, ആശുപത്രി വികസന സൊസൈറ്റി അംഗം സി.ബി.കെ. സന്തോഷ് എന്നിവര്‍ പങ്കെടുത്തു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ തിരുമംഗലത്തിനെ ചടങ്ങില്‍ ആദരിച്ചു.