റോഡിലെ നിയമലംഘനങ്ങൾക്കെതിരായ നടപടി വിലയിരുത്താൻ ഇന്ന് ഉന്നതതല യോ​ഗം

തിരുവനന്തപുരം: നിയമലംഘനങ്ങൾ നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരായ നടപടികൾ ചർച്ച ചെയ്യാൻ ഗതാഗത വകുപ്പിന്‍റെ ഉന്നതതല യോഗം ഇന്ന് ചേരും. മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗതാഗത സെക്രട്ടറിയും ട്രാൻസ്പോർട്ട് കമ്മീഷണറും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.

വടക്കഞ്ചേരി അപകടത്തേക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടും യോഗം വിലയിരുത്തും. അപകടത്തിന് പിന്നാലെ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ തുടങ്ങിയ ഫോക്കസ് ത്രീ ഉൾപ്പെടെയുള്ള നടപടിയുടെ പുരോഗതിയും യോഗം വിലയിരുത്തും. ഇനി സ്വീകരിക്കേണ്ട തുടര്‍നടപടിയും യോഗം ചര്‍ച്ച ചെയ്യും. കർശന നടപടി തുടരാനാണ് തീരുമാനം.

കോൺട്രാക്ട് കാര്യേജ് ബസുകൾ നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പരിശോധനാ രീതി മാറ്റിയേക്കും. ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തത് സംബന്ധിച്ച പ്രശ്നം മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിക്കുമെന്നാണ് സൂചന. മാധ്യമ ശ്രദ്ധ മാറിയാൽ എല്ലാം പഴയ നിലയിലേക്ക് മടങ്ങുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.