രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി



കൊച്ചി | സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. പുതിയ വാഹനങ്ങൾക്ക് ഉണ്ടെങ്കിലും 2019 ഏപ്രിൽ ഒന്നിന് മുൻപുള്ള വാഹനങ്ങളിൽ ഇത് നടപ്പാക്കിയിരുന്നില്ല.

പഴയ വാഹനങ്ങളിൽ ഇത് സ്ഥാപിക്കാൻ കേന്ദ്ര അംഗീകാരമുള്ള ഏജൻസികൾക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം അംഗീകൃത ലൈസൻസികളുടെ ഡീലർമാർക്ക് അനുമതി ആവശ്യമാണ്.

കഴിഞ്ഞ മാർച്ചിൽ കോടതി ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. അംഗീകൃത സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാൻ സർക്കാർ മൂന്ന് മാസം ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടെ പുതിയ നിർദേശം അനുസരിച്ച് കേന്ദ്ര അംഗീകാരമുള്ള 17 സ്ഥാപനങ്ങൾക്ക് ഇത് കൈകാര്യം ചെയ്യാം.

വാഹൻ പോർട്ടലിൽ ഇതിന്റെ വിശദാംശം രേഖപ്പെടുത്തുന്ന കാര്യത്തിൽ സംസ്ഥാന അധികൃതർ തീരുമാനം എടുക്കേണ്ടി വരും. 2001ലെ മോട്ടർ വാഹന ഭേദഗതി നിയമ പ്രകാരമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്.

എല്ലാ വാഹനങ്ങളിലും ഇത് നിർബന്ധമാക്കി 2018 ഡിസംബർ 6ന് കേന്ദ്രം വിജ്ഞാപനം ഇറക്കിയിരുന്നു. 2019 മേയ് 9ന് സംസ്ഥാന ഗതാഗത വകുപ്പും സർക്കുലർ ഇറക്കി.