സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം: സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പരാതിയിൽ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നാല് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. സംവിധായകന്‍ ലിജീഷ് മുള്ളേഴത്തിന്റെ ഹര്‍ജിയിലാണ് നടപടി. ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
‘ആകാശത്തിന് താഴെ’ ചിത്രത്തിന്റെ സംവിധായകനാണ് ലിജീഷ് മുള്ളേഴത്ത്. പുരസ്‌കാര നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതമുണ്ടെന്നാണ് ഹർജിയിലെ പ്രധാന ആക്ഷേപം. പുരസ്‌കാര നിര്‍ണ്ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്നും ലിജീഷ് മുള്ളേഴത്ത് ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ലിജീഷ് ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.