ഹോണ്ട ഇന്ത്യയിൽ നിർമിച്ചത് 20 ലക്ഷം വാഹനങ്ങൾ

ഇന്ത്യയിൽ വമ്പനൊരു വിൽപ്പന നാഴികക്കല്ലും പിന്നിട്ട് ഹോണ്ട കാർസ്. 20 ലക്ഷം കാറുകൾ നിർമിച്ചെന്ന റെക്കോർഡാണ് ഹോണ്ട ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന തപുകരയിലെ ഉത്പാദന കേന്ദ്രത്തിൽ നടന്ന ഒരു പരിപാടിയിലാണ് സിറ്റി സെഡന്റെ 20 ലക്ഷം യൂണിറ്റ് നിർമിച്ച് പുറത്തിറക്കിയത്.

വിപണിയിൽ അധികമാരും നേടാത്തൊരു നേട്ടമാണ് ഇപ്പോൾ ഹോണ്ട കൈവരിച്ചിരിക്കുന്നത്. 1997-ൽ ഹോണ്ട സീൽ കാർസ് ഇന്ത്യ (HSCI) കമ്പനിക്ക് കീഴിലാണ് ഹോണ്ട ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2012-ൽ കമ്പനിയെ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്തു. സിറ്റി, അമേസ് സെഡാനുകൾ, ജാസ് ഹാച്ച്ബാക്ക് തുടങ്ങിയ കാറുകളാണ് ഹോണ്ട നിലവിൽ ഇന്ത്യയിൽ നിർമിക്കുന്നത്. ഈ നാല് മോഡലുകളിൽ, ഈ വർഷം ആദ്യം പുറത്തിറക്കിയ സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ കാർ.

എന്നാൽ അടുത്ത വർഷത്തോടെ ഒരു പുതിയ കോംപാക്ട് എസ്‌യുവി ഇന്ത്യൻ വിപണിയിൽ എത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.