സംസ്ഥാനത്ത് ചികിത്സാപദ്ധതികളുടെ കുടിശ്ശിക കുമിഞ്ഞുകൂടുന്നതായി റിപ്പോർട്ടുകൾ

തിരുവനന്തപുരം: സര്‍ക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതികളില്‍ ആശുപത്രികള്‍ക്ക് നൽകാനുള്ള കുടിശ്ശിക കുമിഞ്ഞുകൂടുന്നു. കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയില്‍ (കാസ്‌പ്) മാത്രം ആശുപത്രികള്‍ക്ക് 1128 കോടിയിലേറെ നൽകാനുണ്ട്. ബില്ലുകള്‍ പരിശോധിച്ച് അംഗീകാരം നൽകിയ തുകയാണിത്. അംഗീകാരം നൽകാനുള്ള ബില്ലുകളും കൂട്ടിയാല്‍ കുടിശ്ശിക ഉയരും. കാരുണ്യ ലോട്ടറി വരുമാനം ഉപയോഗിച്ച് നടത്തിയിരുന്ന കാരുണ്യപദ്ധതിയുടെ കുടിശ്ശിക 189 കോടിയായി. പണം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ചനടത്തിയെങ്കിലും ധാരണയിലെത്തിയില്ല.

കുടിശ്ശിക എന്നുനൽകുമെന്ന് സര്‍ക്കാരിന് വ്യക്തതയുമില്ലെന്ന് അവര്‍ പറഞ്ഞു. പദ്ധതി നടത്തുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജന്‍സിയാണ് ആശുപത്രികള്‍ക്ക് പണം നൽകേണ്ടത്. അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിക്കുന്നതിനാൽ സൗജന്യചികിത്സകള്‍ തത്‌കാലം നിര്‍ത്തിവെക്കേണ്ടെന്നാണ് തീരുമാനം. കേന്ദ്രവിഹിതംകൂടി ഉപയോഗിച്ച് നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയില്‍ എം പാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് 269,07,97,307 രൂപയും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 859,61,18,856 രൂപയും നൽകാനുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ‌