അടുത്ത രണ്ടാഴ്ചയും നിലവിലുള്ള വരണ്ട കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം .

അടുത്ത രണ്ടാഴ്ചയും നിലവിലുള്ള വരണ്ട കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രവചനം. ഇത് യാഥാര്‍ഥ്യമായാല്‍ കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ആഗസ്താകും ഇത്

.വെള്ളിയാഴ്ച കൊല്ലം, കോട്ടയം ജില്ലകളില്‍ സാധാരണയില്‍നിന്ന് അഞ്ച് ഡിഗ്രി വരെ ചൂട് ഉയര്‍ന്നു. ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയായി. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ചൂട് നാല് ഡിഗ്രി വരെയും കൂടി 34 ഡിഗ്രിയായി ഉയര്‍ന്നു.

കണ്ണൂര്‍, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 33 ഡിഗ്രിവരെയും ചൂട് ഉയര്‍ന്നു. സാധാരണ ലഭിക്കേണ്ട മഴപോലും ലഭിക്കാതെ വരള്‍ച്ചാഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് ചൂട് ഉയരുന്നത് പ്രശ്നമാണ്. ഒമ്ബത് ജില്ലകളില്‍ ഇത്തവണ 63 ശതമാനം മുതല്‍ 41 ശതമാനം വരെ മഴക്കുറവ് രേഖപ്പെടുത്തി. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിപോലും ഇപ്പോഴില്ല.

എട്ടു ജില്ലയില്‍ ശനിയാഴ്ച താപനില ഉയരുമെന്ന് കാലാവസ്ഥാവകുപ്പ്. കൊല്ലം, കോട്ടയം ജില്ലകളില്‍ സാധാരണയുള്ളതിനേക്കാള്‍ മൂന്നുമുതല്‍ അഞ്ചു ഡിഗ്രിവരെ ഉയര്‍ന്ന് 36 ഡിഗ്രിവരെയാകാം. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ 34 ഡിഗ്രിവരെയും കണ്ണൂര്‍, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 33 ഡിഗ്രിവരെയും ഉയര്‍ന്നേക്കും.