LPG പ്രതിസന്ധി ; 23-ന് സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പാതകവാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍.മാർച്ച് 23-നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സംസ്ഥാനത്തുടനീളം ഹോട്ടലുകളും ഭക്ഷണശാലകളും അടച്ചിടുമെന്നാണ് വിവരം. പാചകവാതകം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധപ്രകടനം നടത്തുന്നത്.
അതേസമയം, ആലപ്പുഴയിലെ ഹോട്ടലുകളില്‍ ഭക്ഷണത്തിന് വില വർദ്ധിപ്പിച്ചു. 30 രൂപയാണ് കൂട്ടിയത്. നോണ്‍വെജ് ഭക്ഷണങ്ങള്‍ക്കാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്. എല്‍പിജി ഉപയോഗിച്ച് പാകം ചെയ്യുന്ന വിഭവങ്ങള്‍ക്കായിരിക്കും മുമ്ബത്തേക്കാള്‍ കൂടുതല്‍ പണം ഈടാക്കുക. അല്‍ഫാം, ഷവർമ പോലെയുള്ള വിഭവങ്ങള്‍ക്കും ബിരിയാണിക്കും 10 രൂപ മുതല്‍ 30 രൂപ വരെ വില ഉയർന്നു. പാകം ചെയ്യാൻ അധികസമയം ചെലവഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ക്കാണ് വില കൂട്ടിയത്.
എല്‍പിജി ക്ഷാമത്തെ തുടർന്ന് പല ഹോട്ടലുകളും വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. ആലപ്പുഴയില്‍ ആയിരത്തോളം ഹോട്ടലുകളാണ് അടച്ചത്. കൂടാതെ ചില ഹോട്ടലുകള്‍ പൂട്ടലിന്റെ വക്കിലുമാണ്. മാത്രമല്ല, ഹോട്ടലുകളിലും കാറ്ററിംഗ് സ്ഥാപനങ്ങളിലും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവരില്‍ പലർക്കും ജോലി നഷ്ടമായി.
ചെറിയ റെസ്റ്റോറന്റുകള്‍, തെരുവോര ഭക്ഷണശാലകള്‍, എന്നിവയില്‍ പലതും അടച്ചുപൂട്ടുകയോ ജോലിക്കാരെ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ദിവസവും 500,600 രൂപ ശമ്ബളം വാങ്ങുന്ന സാധാരണക്കാരെയാണ് ഈ സാഹചര്യം പ്രതികൂലമായി ബാധിക്കുന്നത്.
