കലിപ്പ് ലുക്കിൽ ഇളയദളപതി; വാരിസിന്റെ പുത്തൻ പോസ്റ്റർ എത്തി

ഇളയദളപതി വിജയ് യുടെ ഏറ്റവും പുതിയ ചിത്രമായ വാരിസിന്‍റെ ദീപാവലി സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ മാസ് ലുക്കിലാണ് താരം. വാരിസിന്‍റെ നാലാമത്തെ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക് സിനിമകളിലൂടെ പ്രശസ്തനായ വംശി പൈഡിപ്പള്ളി സംവിധായകനായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വാരിസ്.

വിജയ് രാജേന്ദ്രൻ എന്ന ആപ്പ് ഡിസൈനറുടെ കഥാപാത്രമാണ് ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്നത്. എസ്ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടും. വിജയ് യുടെ 66-ാമത്തെ ചിത്രമാണ് വാരിസ്. ചിത്രത്തിലെ ആദ്യ ഗാനം ദീപാവലി ദിനത്തിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.

വിജയ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ‘ഗില്ലി’, ‘പോക്കിരി’ തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ പ്രഭുദേവ സംവിധാനം ചെയ്ത ‘വില്ല്’ എന്ന ചിത്രത്തിലാണ് വിജയും പ്രകാശ് രാജും അവസാനമായി ഒന്നിച്ചഭിനയിച്ചത്.