ഹിജാബ് ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ,ഓപ്പറേഷൻ തീയറ്ററിൽ മുൻഗണന രോഗിയുടെ സുരക്ഷക്ക്

തിരുവനന്തപുരം: ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ. ഓപ്പറേഷൻ തീയറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡം. മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്ക്കെന്നും ഐഎംഎ നിലപാട് വ്യക്തമാക്കി. ഓപ്പറേഷൻ തീയറ്ററിൽ മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നൂഹു പ്രതികരിച്ചു.

ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുള്ള മെഡിക്കൽ കോളേജ് വിദ്യാര്‍ഥികളുടെ കത്ത് ചര്‍ച്ചയായിരുന്നു. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ  ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നൽകിയത്.  2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാർഥിനികളുടെ ഒപ്പുകളോട് കൂടിയതായിരുന്നു കത്ത്. ഈ വിഷയം ദേശീയമാധ്യമങ്ങളിലടക്കം വാര്‍ത്തയാകുകയും ചെയ്തിരുന്നു.

ജൂണ്‍ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ലഭിച്ചത്. ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ല, മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിർബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷൻ റൂം ചട്ടങ്ങള്‍ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ ആവശ്യം. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഐഎംഎ നിലപാട് വ്യക്തമാക്കിയത്.