ആശുപത്രി സംരക്ഷണ നിയമം എന്ന് വരുമെന്ന് ഉറപ്പുനല്‍കണം, ആവശ്യം അംഗീകരിക്കുന്നതുവരെ ഡോക്ടര്‍മാരുടെ സമരം തുടരും: ഐഎംഎ
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് ഐഎംഎ കേരള ഘടകം.
ഓര്‍ഡിനന്‍സിലൂടെ ആശുപത്രി സംരക്ഷണ നിയമം ഉടന്‍ തന്നെ നടപ്പാക്കണം എന്നതടക്കം വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചതായും ഐഎംഎ കേരളഘടകം സംസ്ഥാന പ്രസിഡന്റ് സുള്‍ഫി നൂഹു മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്ന് പറഞ്ഞ മുഖ്യമന്ത്രി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രി സംരക്ഷണ നിയമം അടക്കം വിവിധ ആവശ്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പ് ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണ്. മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചതായി അറിഞ്ഞു. ഇതില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകീട്ട് ചേരുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റി തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും സുള്‍ഫി നൂഹു പറഞ്ഞു.
ആശുപത്രികളെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ സോണുകളായി പ്രഖ്യാപിക്കുക, ക്യാമറ അടക്കം സുരക്ഷാ സംവിധാനം ഒരുക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പാക്കുക, വന്ദനയുടെ മരണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുക, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുക, വന്ദനയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ വച്ച മറ്റു ആവശ്യങ്ങളെന്നും സുള്‍ഫി നൂഹു വ്യക്തമാക്കി.