തകർന്നടിഞ്ഞ് ഇന്ത്യ; ഫൈനല്‍ കാണാതെ പുറത്ത്

ട്വന്റി20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 10 വിക്കറ്റിന്റെ അനായാസ ജയം. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചുപരത്തിയാണ് ഓപണർമാർ തന്നെ ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. 169 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 16ആം ഓവറിലെ അവസാന പന്തിൽ വിജയ റൺ നേടി.

അഡലെയ്ഡിൽ നടന്ന പോരാട്ടത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 169 എന്ന വിജയലക്ഷ്യം ഒരിക്കൽ പോലും ആശങ്കപ്പെടുത്തുന്ന തരത്തിലായിരുന്നില്ല ഇം​ഗ്ലണ്ടിന്റെ ബാറ്റിങ്. 47 പന്തിൽ 86 റൺസുമായി അലക്സ് ഹെയിൽസും 49 പന്തിൽ 80 റൺസുമായി ജോസ് ബട്‍ലറും പുറത്താകാതെ നിന്നു. ഇന്ത്യക്കായി പന്തെറിഞ്ഞവരെയെല്ലാം ഇവർ കണക്കിന് പ്രഹരിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇം​ഗ്ലണ്ട് പാകിസ്ഥാനെ നേരിടും.