യുക്രൈൻ പ്രതിസന്ധിയിൽ സാധ്യമായത് ചെയ്യാൻ ഇന്ത്യ തയ്യാറെന്ന് എസ് ജയശങ്കർ

ഓക്ലൻഡ്: യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സപോറിഷ്യ ആണവ നിലയത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ റഷ്യയിൽ സമ്മർദ്ദം ചെലുത്തിയതും അദ്ദേഹം ഓർമ്മിപ്പിച്ചു. ആണവ നിലയത്തിന് സമീപമുള്ള പ്രദേശത്ത് യുക്രൈൻ-റഷ്യ ഏറ്റുമുട്ടൽ ഉണ്ടായപ്പോഴായിരുന്നു ഇന്ത്യയുടെ ഇടപെടൽ.

ന്യൂസിലാൻഡ് സന്ദർശനത്തിനിടെയായിരുന്നു ജയശങ്കറിന്‍റെ പ്രസ്താവന. യുക്രൈന്റെ കാര്യം വരുമ്പോൾ വ്യത്യസ്ത രാജ്യങ്ങൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. അത് സ്വാഭാവികമാണ്. ആളുകൾ സ്വന്തം കാഴ്ച്ചപ്പാടിൽ നിന്ന് കാര്യങ്ങളെ കാണുന്നു. അവരുടെ താൽപ്പര്യങ്ങൾ, ചരിത്രപരമായ അനുഭവപരിചയം, അരക്ഷിതാവസ്ഥ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

‘എന്നെ സംബന്ധിച്ചിടത്തോളം, മറ്റ് രാജ്യങ്ങളുടെ നിലപാടിനെ ഞാൻ നിന്ദിക്കില്ല. ലോകത്തിന്‍റെ വൈവിധ്യം തികച്ചും വ്യത്യസ്തമായ പ്രതികരണത്തിലേക്ക് നയിക്കുന്നത് സ്വാഭാവികമാണ്. കാരണം അവയിൽ പലതും യുക്രൈനിൽ നേരിടുന്ന ഭീഷണിയിൽ നിന്നും ഉത്കണ്ഠയിൽ നിന്നും വരുന്നതായി എനിക്ക് കാണാൻ കഴിയും’, ജയശങ്കർ പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ ഇന്ത്യയ്ക്ക് എന്തുചെയ്യാൻ കഴിയുമെന്ന് പരിശോധിക്കും. ഇത് ഇന്ത്യയുടെ താൽപ്പര്യത്തിനനുസരിച്ചായിരിക്കും. പക്ഷേ അത് ലോകത്തിന്‍റെ കൂടി താൽപ്പര്യത്തിനും അനുസൃതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.