ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പറക്കാൻ ഇന്ത്യ തയ്യാറെന്ന് സൂചന
അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പങ്കെടുത്തേക്കും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കാൻ ബിസിസിഐ തയ്യാറാണ്.
ബി.സി.സി.ഐയുടെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായി സംസ്ഥാന അസോസിയേഷനുകൾക്ക് അയച്ച കുറിപ്പിലാണ് ഇന്ത്യ ഏഷ്യാ കപ്പിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മാത്രമാണ് കൊമ്പുകോർത്തത്. ഇന്ത്യ പാകിസ്ഥാനിൽ കളിക്കുന്നതും അന്നുമുതൽ നിർത്തിവച്ചിരുന്നു.
ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കാൻ ബിസിസിഐ തയ്യാറാണെങ്കിലും ഇക്കാര്യത്തിൽ സർക്കാരിന്റെ അനുമതി ലഭിക്കുമോ എന്ന് കണ്ടറിയണം. ഏഷ്യാ കപ്പ് അടുത്ത വർഷം ജൂണിന് ശേഷം പാകിസ്താനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ടി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുകയെങ്കിലും അടുത്ത വർഷം അത് 50 ഓവർ ഫോർമാറ്റിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.