ഇന്ത്യ-ടിബറ്റ്-ചൈന-മ്യാൻമർ അതിർത്തിയിൽ 1748 കിമീ ദേശീയപാത നിർമ്മിക്കാൻ ഇന്ത്യ

ന്യൂഡൽഹി: അടുത്ത 5 വർഷത്തിനുള്ളിൽ അരുണാചൽ പ്രദേശിൽ ഇന്ത്യ-ടിബറ്റ്-ചൈന-മ്യാൻമർ അതിർത്തിയോട് ചേർന്ന് പുതിയ ദേശീയപാത നിർമ്മിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. 1,748 കിലോമീറ്റർ ദൈർഘ്യമുള്ള 2 വരി പാത ചില സ്ഥലങ്ങളിൽ അന്താരാഷ്ട്ര അതിർത്തിയോട് 20 കിലോമീറ്റർ അടുത്തായിരിക്കും. സമീപകാലത്ത് കേന്ദ്രം വിജ്ഞാപനം ചെയ്യുന്ന ഏറ്റവും ദൈർഘ്യമേറിയ ദേശീയപാതയാണിത്. അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുടെ കുടിയേറ്റം തടയുകയാണ് എൻഎച്ച്-913 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ചൈനയുടെ ആവർത്തിച്ചുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്കിടയിൽ, ഈ പാത അതിർത്തിയിലേക്ക് പ്രതിരോധ സേനകളുടെയും സൈനിക ഉപകരണങ്ങളുടെയും തടസ്സമില്ലാതെ നീക്കത്തിന് സഹായിക്കും. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണിത്. ചൈനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഈ പാത സഹായിക്കും.

ബോംഡിലയിൽ നിന്ന് ആരംഭിച്ച് ഇന്ത്യ-ടിബറ്റ് അതിർത്തിയോട് ഏറ്റവും അടുത്തുള്ള നഫ്ര, ഹുരി, മോനിഗോങ്, ജിഡോ, ചെൻക്വന്റി എന്നീ പ്രദേശങ്ങളിലൂടെ കടന്ന് ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ വിജയനഗറിൽ പാത അവസാനിക്കും.