ഓസ്ട്രേലിയ-ഇന്ത്യ സന്നാഹ മത്സരം; ഗാബയില്‍ ടോസ് വീണു

ബ്രിസ്‌ബെന്‍: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരം ആരംഭിച്ചു. ബ്രിസ്ബെനിലെ ഗാബയിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഫീൽഡിംഗ് തിരഞ്ഞെടുത്തു. ഡേവിഡ് വാർണർ, മാത്യു വെയ്ഡ്, ജോഷ് ഹെയ്സൽവുഡ്, ആദം സാംപ എന്നിവരില്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ലോകകപ്പിന് മുമ്പ് ഏറ്റവും ശക്തരായ ടീമുകളിലൊന്നിനെ നേരിടാനുള്ള ആവേശത്തിലാണ് ടീം ഇന്ത്യ.

ആരോൺ ഫിഞ്ച്, ഗ്ലെൻ മാക്സ്വെൽ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, കെയ്ൻ റിച്ചാർഡ്സൺ എന്നിവരടങ്ങുന്നതാണ് ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ.

ബ്രിസ്ബെനിൽ 9.30നാണ് മത്സരം ആരംഭിച്ചത്. 19ന് ന്യൂസിലാൻഡിനെതിരെയും ഇന്ത്യ സന്നാഹ മത്സരം കളിക്കും. ഇന്ത്യയിൽ നടന്ന അവസാന ടി20 പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയയെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. മറുവശത്ത്, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ പരാജയം ഏറ്റുവാങ്ങിയാണ് ഓസ്ട്രേലിയ ലോകകപ്പിന് ഒരുങ്ങുന്നത്.