Latestആരോഗ്യംവാര്‍ത്തകള്‍

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; മൂന്ന് കഫ് സിറപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി: രാജ്യത്ത് ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ, മൂന്ന് കഫ് സിറപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ‌ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ്, റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ റെസ്പിഫ്രഷ് ടിആർ, ഷേപ്പ് ഫാർമയുടെ റീലൈഫ് എന്നിവയുടെ ചില ബാച്ചുകളാണ് ഈ പട്ടികയിലുള്ളത്. മറ്റേതെങ്കിലും രാജ്യങ്ങളിൽ ഈ മരുന്നുകൾ ഉപയോഗത്തിലുണ്ടെങ്കിൽ അറിയിക്കണമെന്നും ഡബ്ല്യുഎച്ച്ഒ നിർദേശം നൽകിയിട്ടുണ്ട്.

കുട്ടികളുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധം മൂലം ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഉൽപാദന ലൈസൻസ് അടുത്തിടെ റദ്ദാക്കിയിരുന്നു. കോൾഡ്രിഫ്, സിറപ്പിൽ രാസവസ്തുവായ ഡൈഎഥിലീൻ ഗ്ലൈക്കോൾ (ഡിഇജി) ഉപയോഗിച്ചതായി ലാബ് പരിശോധനകളിൽ കണ്ടെത്തിയിരുന്നു.

ഈ മൂന്നു മരുന്നുകളും ഗുരുതരവും ജീവന് ഭീഷണിയുമായ രോഗങ്ങൾക്കു കാരണമാകുമെന്നും അതിനാൽ അപകടകാരികളാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചതായി രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന് ഡബ്ല്യുഎച്ച്ഒ നേരത്തേ ഇന്ത്യൻ അധികൃതരോട് അന്വേഷിച്ചിരുന്നു.

കോൾഡ്രിഫ് സിറപ്പിൽ, വിഷാംശമുള്ള ഡൈഎഥിലീൻ ഗ്ലൈക്കോൾ അനുവദനീയമായതിന്റെ ഏകദേശം 500 മടങ്ങ് അളവിൽ അടങ്ങിയിരുന്നെന്നും മധ്യപ്രദേശിൽ അടുത്തിടെ മരിച്ച കുട്ടികൾ ഇത് കഴിച്ചിരുന്നുവെന്നുമാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ഡബ്ല്യുഎച്ച്ഒയെ അറിയിച്ചത്. എങ്കിലും ഇത്തരം മരുന്നുകളൊന്നും ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്തിട്ടില്ലെന്നാണു വ്യക്തമാക്കിയിരിക്കുന്നത്.

ദുരന്തത്തിന് ശേഷം, ഈ മരുന്നുകൾ കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന് ലോകാരോഗ്യ സംഘടന ഇന്ത്യൻ അധികൃതരോട് അന്വേഷിച്ചിരുന്നു. എന്നാൽ, വിഷാംശമുള്ള സിറപ്പുകളൊന്നും കയറ്റുമതി ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. അത്തരം മരുന്നുകളൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസും വ്യക്തമാക്കിയിട്ടുണ്ട്.

കോൾഡ്രിഫ് ഉപയോഗിച്ചതിനെത്തുടർന്ന് മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയിൽ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ മരിച്ചിരുന്നു. രാജസ്ഥാനിലും സമാനമായ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനുവദനീയമായ അളവിനേക്കാൾ ഏകദേശം 500 മടങ്ങിലധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഈ ചുമ മരുന്നിൽ അടങ്ങിയിരുന്നുവെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അറിയിച്ചു.