ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഇരട്ട എഞ്ചിന്‍ ഫൈറ്റർ ജെറ്റ് 2028ൽ പുറത്തിറങ്ങും

ന്യൂഡല്‍ഹി: ഇരട്ട എഞ്ചിൻ ഡെക്ക് അധിഷ്ഠിത ഫൈറ്ററിന്‍റെ (ടിഇഡിബിഎഫ്) ആദ്യ ഡിസൈൻ അടുത്ത വർഷം മാർച്ചോടെ പൂർത്തിയാകുമെന്നും 2028 ഓടെ ആദ്യ മോഡൽ പുറത്തിറക്കാൻ കഴിയുമെന്നും സീനിയർ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) അധികൃതർ പറഞ്ഞു. പദ്ധതിക്കായി 2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും ഡിആർഡിഒ പ്രതീക്ഷിക്കുന്നു.

യുദ്ധവിമാനത്തിന്‍റെ മോഡൽ പതിപ്പ് ഏതാണ്ട് പൂർത്തിയായെന്നും സൂപ്പർസോണിക് വിമാനത്തിന്‍റെ പ്രകടനം വിലയിരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഡിആർഡിഒ പ്രോജക്ട് ഡയറക്ടർ പി തങ്കവേൽ പറഞ്ഞു. യുദ്ധവിമാനത്തിനായി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വളരെ വേഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിന്‍റെ പ്രാഥമിക രൂപം മാർച്ചോടെ അവലോകനം ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

“പിഡിആറിന് ശേഷം, ഫൈറ്ററിന്റെ ഡ്രോയിംഗുകൾ നിർമ്മിക്കും. 2023 പകുതിയോടെ സിസിഎസ് ക്ലിയറൻസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ, ഒറിജിനൽ 4-4.5 വർഷത്തിനുള്ളിൽ നിർമ്മിക്കാൻ കഴിയും. നാവികസേനയ്ക്കായി ഉപയോഗിക്കുന്ന വിമാനത്തിന്‍റെ രൂപകൽപ്പന വ്യത്യസ്തമാണ് എന്നതാണ് കാലതാമസത്തിന് കാരണം”, അദ്ദേഹം പറഞ്ഞു. മൂലരൂപം നിർമ്മിച്ചുകഴിഞ്ഞാൽ, ഇന്ത്യൻ നാവികസേന എച്ച്എഎല്ലിനായി ഒരു പ്രൊഡക്ഷൻ ഓർഡർ നൽകും. കാലഹരണപ്പെട്ട മിഗ്-29 കെയ്ക്ക് പകരമായി ഇവ ഉപയോഗിക്കും. 2031 അല്ലെങ്കിൽ 2032 ഓടെ ടിഇഡിബിഎഫ് വിമാനം ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.