റൊണാൾഡോ യുണൈറ്റഡിൽ നിന്ന് പുറത്തേക്കെന്ന് സൂചനകൾ

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തേക്ക് തന്നെയെന്ന് സൂചനകൾ. റൊണാൾഡോയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള നീക്കം യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ് ആരംഭിച്ചതായാണ് റിപ്പോർട്ട്.

ടെൻ ഹാഗിന്‍റെ ആദ്യ ഇലവനിൽ ഇടം നേടുമെന്ന് ഉറപ്പില്ലാത്ത കളിക്കാരനാണ് റൊണാൾഡോ. ക്ലബ്ബുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും. എന്നാൽ നല്ല ഓഫറുകൾ വന്നാൽ ജനുവരിയിൽ തന്നെ ട്രാൻസ്ഫർ വിൻഡോയിൽ റൊണാൾഡോയെ വിൽക്കാൻ യുണൈറ്റഡ് തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ.

റൊണാൾഡോയ്ക്ക് പകരം പുതിയ സ്ട്രൈക്കറെ കൊണ്ടുവരാനാണ് ടെൻ ഹാഗിന്‍റെ നീക്കം. സ്ലോവെനിയൻ സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയാണ് ടെൻ ഹാഗിന്‍റെ മനസ്സിലെ ആദ്യ പേര്. ഓസ്ട്രിയൻ ക്ലബ് റെഡ് ബുൾ സാൽസ്ബർഗിന് വേണ്ടിയാണ് 19കാരനായ താരം കളിക്കുന്നത്.