കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്തായി കോഴിക്കോട് ചക്കിട്ടപ്പാറ.

കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്തായി കോഴിക്കോട് ചക്കിട്ടപ്പാറ. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഇപ്പോൾ ഇൻഷുറൻസ് പരിരക്ഷയുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായ ക്രൈസ്റ്റ് സർവകലാശാലയും ചക്കിട്ടപ്പാറ സഹകരണ ബാങ്കും ചേർന്നാണ് പദ്ധതി പൂർത്തിയാക്കിയത്. അപകടത്തിൽ പരിക്കേറ്റാൽ ഒരു ലക്ഷം രൂപ സഹായം ലഭിക്കും. മരണപ്പെട്ടാൽ കുടുംബത്തിന് രണ്ട് ലക്ഷം നൽകും.

ഓഗസ്റ്റ് 16നാണ് ചക്കിട്ടപ്പാറയെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്തായി കോഴിക്കോട് കളക്ടര്‍ പ്രഖ്യാപിക്കുക. ഒരു അപടമുണ്ടായി ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ പെട്ടെന്നൊരു തുകയെടുക്കാനില്ലാത്തവരാകും സാധാരണക്കാരിൽ പലരും. സർക്കാരിന്‍റെ ആരോഗ്യ ഇൻഷുറൻസിലും സ്വകാര്യ ഇൻഷുറൻസിലും ഭാഗമല്ലാത്തവരുമുണ്ടാകും. എന്നാൽ, ചക്കിട്ടപ്പാറ പഞ്ചായത്തിലെത്തിയാൽ ഇനി കാര്യങ്ങൾ ഇങ്ങനെയാവില്ല.

സുരക്ഷാചക്രം പദ്ധതിയിലൂടെ മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയൊരുക്കിയാണ് പഞ്ചായത്ത് മാതൃകയാകുന്നത്. അപകടമുണ്ടായാൽ ഒരു ലക്ഷം വരെയും മരണപ്പെട്ടാൽ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും നൽകുന്നതാണ് പദ്ധതി. പഞ്ചായത്തിലെ 5804 കുടുംബങ്ങളിലും സർവേ നടത്തിയാണ് ഒരു ഇൻഷുറൻസിലും ഭാഗമല്ലാത്ത 1134 പേരെ കണ്ടെത്തിയത്. പഞ്ചായത്തുമായി സഹകരിച്ച് കൂടുതൽ പദ്ധതിക്കും ക്രൈസ്റ്റ് സർവകലാശാല ആലോചന നടത്തുന്നുണ്ട്. ഈ മാസം 16ന് ചക്കിട്ടപ്പാറയെ കോഴിക്കോട് ജില്ലാ കളക്ടർ സമ്പൂർണ ഇൻഷുറൻസ് ഗ്രാമമായി പ്രഖ്യാപിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ

.