മെഡിസെപ്പ് പരിരക്ഷ ഇനിമുതല്‍ മദ്യപാനികള്‍ക്കും പുകവലിക്കാര്‍ക്കും ലഭിക്കില്ല.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും എര്‍പ്പെടുത്തിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിരക്ഷ ഇനിമുതല്‍ മദ്യപാനികള്‍ക്കും പുകവലിക്കാര്‍ക്കും ലഭിക്കില്ല.

ലഹരി ഉപയോഗിക്കുന്നവരെ പൂര്‍ണമായും ഇൻഷുറൻസ് പരിരക്ഷയില്‍നിന്നും ഒഴിവാക്കാനാണ് മെഡിസെപ്പിൻ്റെ കരാര്‍ കമ്ബനിയായ ഓറിയൻറല്‍ ഇൻഷുറൻസിന്‍റെ തീരുമാനം. കരാര്‍ എടുത്തതിനേക്കാള്‍ വലിയ തുക ഇതിനകം ചിലവായി കഴിഞ്ഞതാണ് കാരണം. ചിലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കമ്ബനി ഇത്തരം കര്‍ശന വ്യവസ്ഥകള്‍ നടപ്പാക്കുന്നത്.

ലഹരിയുടെ ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന വ്യവസ്ഥ മുമ്ബും നിലവിലുണ്ടായിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയാല്‍ പരിരക്ഷ ലഭിക്കില്ലായിരുന്നു. വല്ലപ്പോഴും ലഹരി ഉപയോഗിക്കുന്നവര്‍ക്കും നേരത്തേ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ മെഡിസെപ്പ് പരിരക്ഷയുള്ള ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ രോഗിയുടെ ചികിത്സസംബന്ധമായ എല്ലാ കാര്യങ്ങളും കമ്ബനിയെ അറിയിക്കണം. നല്‍കുന്ന വിവരങ്ങളില്‍ ലഹരി ഉപയോഗമുണ്ടെന്നോ, ഉപയോഗിച്ചിരുന്നെന്നോ രേഖപ്പെടുത്തിയാല്‍ ആനുകൂല്യം റദ്ദാക്കും. മുമ്ബ് ലഹരി ഉപയോഗിച്ചിരുന്നെങ്കിലും രോഗ കാരണം അതല്ലെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയാലും ഇൻഷുറൻസ് കമ്ബനി പണം നല്‍കില്ല.ഇൻഷുറൻസ് കമ്ബനിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു തീരുമാനമെടുത്ത സാഹചര്യത്തില്‍ ഓറിയൻറല്‍ ഇൻഷുറൻസിനോട് സര്‍ക്കാര്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. മദ്യപാനവും പുകവലിയും കാരണം രോഗം ബാധിക്കുന്നവര്‍ ചികിത്സ തേടിയാല്‍ ഇൻഷുറൻസ് പരിരക്ഷ നല്‍കില്ലെന്ന കരാര്‍ കമ്ബനിയുടെ തീരുമാനത്തില്‍ സര്‍ക്കാരിനും എതിര്‍പ്പില്ല. എന്നാല്‍ വര്‍ഷങ്ങളായി ലഹരി ഉപേക്ഷിച്ച മെഡിസെപ്പ് പരിരക്ഷ ഉള്ളവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നതിനോട് ധനവകുപ്പിന് വിയോജിപ്പുണ്ട്. അതുകൊണ്ട് പുനപരിശോധന വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ മെഡിസെപ്പ് പരിരക്ഷ ലഭിക്കുന്നവരുടെ എണ്ണം വ്യാപകമായി കുറയും.മലബാർ ലൈവ്.സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും അവരുടെ ആശ്രിതര്‍ ഉള്‍പ്പെടെ 30 ലക്ഷത്തോളം പേരാണാണ് നിലവില്‍ മെസിസെപ്പിൻ്റെ ഗുണഭോക്താക്കള്‍.