ക്ലബ് ലോകകപ്പിൽ എഫ് സി പോർട്ടോയെ വീഴ്ത്തി ഇന്റർ മയാമി
ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പിൽ ആദ്യ ജയം നേടി ഇന്റർ മയാമി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പോർച്ചുഗൽ ക്ലബ് എഫ് സി പോർട്ടോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് മയാമി ക്ലബ് ലോകകപ്പിലെ ആദ്യ വിജയം കുറിച്ചത്. ഇതിഹാസ താരം ലയണൽ മെസ്സിയുടെ ഫ്രികിക്ക് ഗോൾ മയാമി വിജയത്തിൽ നിർണായകമായി. ടെലാസ്കോ സെഗോവിയ ആണ് മയാമിക്കായി വലചലിപ്പിച്ച മറ്റൊരു താരം.
എട്ടാം മിനിറ്റിൽ എഫ് സി പോർട്ടോയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. പോർട്ടോ സംഘത്തിന് അനുകൂലമായി ലഭിച്ച പെനാൽറ്റി സാമുവൽ അഘെഹോവ വലയിലാക്കി. പിന്നാലെ 19-ാം മിനിറ്റിൽ തിരിച്ചുവരവിന് മയാമി ശ്രമം ഉണ്ടായെങ്കിലും ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. മെസ്സിയുടെ പാസിൽ ലൂയിസ് സുവാരസിന്റെ ഷോട്ട് പോർട്ടോ ഗോൾകീപ്പർ പ്രതിരോധിച്ചിട്ടു. 44-ാം മിനിറ്റിൽ ഡിബോക്സിന് പുറത്തുനിന്ന് പോർട്ടോ താരം അലൻ വരേലയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. ഒരു ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിക്കാൻ പോർട്ടോയ്ക്ക് കഴിഞ്ഞു.
രണ്ടാം പകുതിയിലാണ് മെസ്സിയും സംഘവും തിരിച്ചടിച്ചത്. 47-ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയുടെ ഗോൾ പിറന്നു. തൊട്ടുപിന്നാലെ 54-ാം മിനിറ്റിൽ മെസ്സിയുടെ ഗോൾ പിറന്നു. ഡിബോക്സിന് പുറത്ത് ലഭിച്ച ഫ്രീകിക്ക് തന്റെ ഇഷ്ട ഇടംകാൽ ഷോട്ടിലൂടെ മെസ്സി വലയിലാക്കി. ഇന്റർ മയാമിക്കായി മെസ്സിയുടെ 50-ാം ഗോൾ ആണിത്. 61-ാം മത്സരത്തിലാണ് താരത്തിന്റെ നേട്ടം. ഫുട്ബോൾ ചരിത്രത്തിൽ 1250 ഗോൾ സംഭാവനകൾ നൽകുന്ന ആദ്യ താരമാകാനും മെസ്സിക്ക് കഴിഞ്ഞു. 866 ഗോളുകളും 384 അസിസ്റ്റുകളും ഉൾപ്പെടെയാണ് ഇതിഹാസത്തിന്റെ ചരിത്ര നേട്ടം.
