Latestദേശീയം

രാജസ്ഥാൻ ജഡ്ജിയുടെ ഭാര്യ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

ജ യ്പൂര്‍: രാജസ്ഥാൻ ജഡ്ജിയുടെ ഭാര്യയെ ട്രെയിനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി രാജ്‍കുമാര്‍ ചൗഹാന്‍റെ ഭാര്യ ഉഷാ ചൗഹാനാണ് മരിച്ചത്.ബുധനാഴ്ചയാണ് സംഭവം.

കച്ചിഗുഡ – ഭഗത് കി കോത്തി എക്സ്പ്രസ്സില്‍ (17606) ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഉഷ. ജോധ്പൂരില്‍ നിന്ന് നിംബഹേരയിലേക്ക് പോവുകയായിരുന്നു ഇരുവരും. ഒരുമിച്ചായിരുന്നു യാത്രയെങ്കിലും വെവ്വേറെ കോച്ചുകളിലായിരുന്നു ഇരുവരും. ട്രെയിൻ നിംബഹേരയില്‍ എത്തുന്നതിന് തൊട്ടുമുമ്പ്, ഉഷ ചൗഹാൻ തന്‍റെ ഭർത്താവിനെ വിളിച്ച്‌ താൻ ശുചിമുറിയില്‍ പോകുകയാണെന്ന് അറിയിച്ചിരുന്നു. ട്രെയിൻ നിംബഹേര സ്റ്റേഷനില്‍ എത്തിയപ്പോള്‍, ജഡ്ജി ഇറങ്ങി പ്ലാറ്റ്‌ഫോമില്‍ ഭാര്യയെ കാത്തുനിന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ജിആര്‍പിയെ വിവരം അറിയിച്ചു.

ജിആർപി സംഘം ആദ്യം നിംബഹേര സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഉഷ ചൗഹാൻ ട്രെയിനില്‍ നിന്ന് ഇറങ്ങിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ട്രെയിനില്‍ തന്നെയുണ്ടാകുമെന്ന് മനസിലാക്കിയതോടെ രത്ലം ജില്ലയിലെ ജോറ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ അബോധാവസ്ഥയിലായ ഉഷയെയാണ് കണ്ടത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന്, പോസ്റ്റ്‌മോർട്ടം നടത്തരുതെന്ന് കുടുംബം അഭ്യർഥിച്ചു. ആവശ്യമായ നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.