പരിയാരം പഞ്ചായത്തിലെ 600 ജലജീവന്‍ മിഷന്‍ കുടിവെള്ള കണക്ഷനുകളുടെ ടെണ്ടര്‍ നടപടി ഉടന്‍

പരിയാരം ഗ്രാമ പഞ്ചായത്തിലെ 600 ജലജീവന്‍ മിഷന്‍ കുടിവെള്ള കണക്ഷനുകള്‍ക്ക് ഏഴ് ദിവസത്തിനകം സാങ്കേതികാനുമതി നല്‍കാനും ടെണ്ടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കാനും നിര്‍ദ്ദേശം. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിലാണ് തീരുമാനം. മെയ് 10ന് കുടിവെള്ള കണക്ഷനുകള്‍ക്കുള്ള സാങ്കേതിക അനുമതി നല്‍കാനും ടെണ്ടര്‍ സ്വീകരിക്കാനും വാട്ടര്‍ അതോറിറ്റി തളിപ്പറമ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പ്രദേശത്തെ കുടിവെള്ള പ്രശ്‌നം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. ആറ് മാസമായി ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വന്ന പരിയാരം ഗ്രാമപഞ്ചായത്തിലെ പുളിയൂല്‍ സ്വദേശിനിയായ കെ വി റീന, കുറ്റ്യേരി കുമ്മായച്ചൂളയിലെ ഒ പി നളിനി തുടങ്ങിയവരുടെ പരാതികള്‍ പരിഗണിച്ചാണ് തീരുമാനം. ഈ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മന്ത്രി പഞ്ചായത്തധികൃര്‍ക്ക് നിര്‍ദ്ദേശം നല്‍കി.