Latestദേശീയം

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖലിന്റെ ഭാഗമായി നടന്ന തെരച്ചിലിനിടെയാണ് ഓപ്പറേഷൻ നടന്നത്.ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ചിനാർ കോർപ്സ് സൈനികരായ പ്രീത്പാല്‍ സിംഗ്, ശിപായി ഹർമീന്ദർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഏറ്റുമുട്ടല്‍.

സേനാംഗങ്ങളുടെ വിയോഗത്തില്‍ ഇന്ത്യൻ സൈന്യം അനുശോചനം രേഖപ്പെടുത്തി. സൈനികരുടെ ധൈര്യവും ആത്മസമർപ്പണവും നമ്മെ എന്നെന്നും പ്രചോദിപ്പിക്കുമെന്നും അവരുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്നുവെന്നും സൈന്യം എക്സില്‍ കുറിച്ചു.ഓപ്പറേഷൻ അഖാലിന്റെ ഭാഗമായി ഇതുവരെ അഞ്ച് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഇതില്‍ മൂന്നുപേർ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഭീകരവാദികളായിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് ദക്ഷിണ കശ്മീരിലെ അഖാലില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും ദൗർഘ്യമേറിയ ഭീകരവിരുദ്ധ ദൗത്യമാണ് ഓപ്പറേഷൻ അഖാല്‍.