ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനാകില്ല; ഗുലാം നബി ആസാദ്

ശ്രീനഗർ: രണ്ട് വർഷം മുമ്പ് കേന്ദ്രസർക്കാർ റദ്ദാക്കിയ, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനാവില്ലെന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ പാർലമെന്‍റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 ന്‍റെ പേരിൽ കശ്മീരിലെ ജനങ്ങളെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ല. പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആസാദ് നിലപാട് വ്യക്തമാക്കിയത്.

“ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ പ്രയാസമാണ്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ പാർലമെന്‍റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഈ വകുപ്പിന്‍റെ പേരിൽ കശ്മീരിലെ ജനങ്ങളെ ചൂഷണം ചെയ്യാൻ ഞാൻ അനുവദിക്കില്ല. ഈ വകുപ്പിന്‍റെ പേരിൽ ഞാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കില്ല. ഏതായാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് ഉറപ്പാണ്”, അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ചൂഷണം മൂലം മാത്രം കശ്മീരിൽ ഇതിനകം ഒരു ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 5,00,000 ലധികം കുട്ടികൾ അനാഥരായി. തെറ്റിദ്ധരിപ്പിച്ചും ചൂഷണം ചെയ്തും ഞാൻ ആരോടും വോട്ട് ചോദിക്കില്ല. തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചാൽ‌ പോലും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രമേ ഞാൻ പറയൂ, പ്രാദേശിക പാർട്ടികളെ ലക്ഷ്യമിട്ട് ആസാദ് പറഞ്ഞു.