Latestകേരളം

അമിത വേഗതയിലെത്തിയ കാറിടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; യുവ ഡോക്ടര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

കൊച്ചി : അങ്കമാലിയില്‍ ബികോം വിദ്യാർത്ഥിനി ജാസ്ലിയ ജോണ്‍സൻ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.കാറോടിച്ച ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്ന് അഞ്ചാം ദിനം കടന്നുപോവുമ്പോള്‍ സിറിയക് ഒളിവില്‍ തന്നെ തുടരുകയാണ്. ഇന്നലെ അതിരംപുഴയിലെ സിറിയക്കിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, ഡോക്ടറെ പിടികൂടാത്തതില്‍ പ്രതിഷേധം കനക്കുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച്‌ തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തുറവൂരില്‍ നിന്ന് വാഹനം കണ്ടെത്തിയത്. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി ജോർജ് ആണ് വാഹനം ഓടിച്ചത്. ചാലാക്കല്‍ മെഡിക്കല്‍ കോളേജിലെ ഹൌസ് സർജൻസി വിദ്യാർത്ഥിയാണ് ഡോ. സിറിയക് പി ജോർജ്. അപകടം നടക്കുമ്പോള്‍ കാറില്‍ സുഹൃത്തും ഉണ്ടായിരുന്നു. മദ്യപിച്ചതിന് തെളിവുകള്‍ ഇല്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്നും അങ്കമാലി എസ്‌എച്ച്‌ഓ പറഞ്ഞു.

എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെല്‍ക് ജംഗ്ഷനില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നല്‍കിയാണ് ജാസ്ലിയ യാത്രയാകുന്നത്.