ജാസ്ലിയയുടെ അപകടമരണം;പൊലീസിന് ക്ലീൻ ചീറ്റ്
കൊച്ചി അങ്കമാലിയില്‍ വിദ്യാർഥിനി വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ പൊലീസിന് ക്ലീൻ ചീറ്റ്. പ്രതിയെ പിടികൂടുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ട്.പ്രതിയെ പിടികൂടാൻ പൊലീസ് അലംഭാവം കാണിച്ചുവെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് അന്വേഷിക്കാൻ റൂറല്‍ എസ്പി നിർദേശം നല്‍കിയിരുന്നു.
പ്രതിയെ പിടികൂടാൻ കൃത്യമായ പരിശോധന നടത്തിയെന്നും പ്രതിയായ സിറിയക് ജോർജ് പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് കടന്നുകളഞ്ഞതെന്നും റിപ്പോർട്ടില്‍ പറയുന്നു. വാഗമണ്ണിലെ റിസോർട്ടില്‍ നിന്നായിരുന്നു സിറിയക്കിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ പിതാവ് ജോർജ് മാത്യുവിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നു
ഫെബ്രുവരി 28-ന് അങ്കമാലി ടെൽക്ക് ജംഗ്ഷൻ സമീപത്താണ് അപകടം നടന്നത്. വൈപ്പിൻ എടവനക്കാട് സ്വദേശിനിയായ ജസ്ലി ജോൺസൺ അങ്കമാലി മോണിങ് സ്റ്റാർ ഹോം സയൻസ് കോളജിലെ വിദ്യാർഥിനിയായിരുന്നു. പാർട്ട്ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നു പോകുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ച് ജസ്ലിയെ തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജസ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഈ മാസം മൂന്നിന് മരണത്തിന് കീഴടങ്ങി. മരണത്തിനു ശേഷം ജസ്ലിയുടെ അവയവങ്ങൾ കുടുംബം ദാനം ചെയ്തിരുന്നു.
