അവശ്യ സര്‍വ്വീസ് പോസ്റ്റല്‍ വോട്ട്:പിവിസി ശനിയാഴ്ച ആരംഭിക്കും
കണ്ണൂർ:-കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ അവശ്യ സര്‍വ്വീസ് വോട്ടര്‍മാര്‍ക്കുള്ള ( എവിഇഎസ്) പോസ്റ്റല്‍ വോട്ടിങ്ങ് ശനിയാഴ്ച (ഏപ്രില്‍ 20) ആരംഭിക്കും. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സജ്ജമാക്കുന്ന പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററുകളില്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചുവരെ വോട്ടിങ് കേന്ദ്രം പ്രവര്‍ത്തിക്കും.
ഇരിക്കൂര്‍- ശ്രീകണ്ഠാപുരം എച്ച്എസ്എസ്, തളിപ്പറമ്പ് -ടാഗോര്‍ വിദ്യാ നികേതന്‍, അഴീക്കോട്- കൃഷ്ണമേനോന് വനിത കോളേജ്, കണ്ണൂര്‍-ജിവിഎച്ച്എസ്എസ് കണ്ണൂര്‍, ധര്‍മടം-എസ്എന്‍ ട്രസ്റ്റ് എച്ചഎസ്എസ് തോട്ടട, മട്ടന്നൂര്‍-മട്ടന്നൂര്‍ എച്ചഎസ്എസ്, പേരാവൂര്‍-സെന്റ് ജോസഫ് എച്ചഎസ്എസ് തുണ്ടിയില്‍ എന്നിവയാണ് വോട്ടിങ്ങ് കേന്ദ്രങ്ങള്‍.
വടകര ലോക്സഭാ മണ്ഡല പരിധിയിലുള്ള തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലും 20ന് പിവിസി ആരംഭിക്കും. തലശ്ശേരി-ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍, കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് എന്നിവയാണ് കേന്ദ്രങ്ങള്‍.കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളില്‍ 21നാണ് പോസ്റ്റല്‍ വോട്ടിങ്ങ് സെന്റര്‍ ആരംഭിക്കുക. തുടര്‍ച്ചയായ മൂന്ന് ദിവസം ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം അപേക്ഷ നല്കിയ വോട്ടര്‍ക്ക് സെന്റിലെത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററിലേക്ക് 51 പേരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 2216 പേരാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള എവിഇഎസ് വിഭാഗത്തില്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷിച്ചിട്ടുള്ളത്. ജില്ലയിലാകെ ഇത് 2623 പേരാണ്.