ചൂട് പാൽകുടിച്ച് നാലുവയസുകാരന് പൊള്ളലേറ്റു
പിണറായി :
അങ്കണവാടിയിൽനിന്ന് അബദ്ധത്തിൽ നൽകിയ ചൂട് പാൽ കുടിച്ച് പൊള്ളലേറ്റ നാലു വയസ്സുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളാട് അങ്കണവാടിയിലാണ് സംഭവം. പതിനെട്ടാം വാർഡിലെ ബിസ്മില്ല നിവാസിൽ കെ ഷാനജിന്റെയും സി കെ ജസാനയുടെയും മകൻ ഭിന്നശേഷിക്കാരനായ മുഹമ്മദ് ഷിയാനാണ് വായ്ക്കുള്ളിലും കീഴ്ത്താടിയിലും പൊള്ളലേറ്റത്.
ജന്മനാ സംസാരശേഷിയി ല്ലാത്ത കുട്ടിയെ രാവിലെ അങ്കണവാടിയിൽ വിട്ടശേഷം വീട്ടിൽ തിരിച്ചെത്തിയ കുട്ടിയുടെ ഉമ്മയെ കുറച്ചുസമയം കഴിയുമ്പോഴേക്കും അധ്യാപിക അപകടവിവരം അറിയിക്കുകയായിരുന്നു. ആദ്യം പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും തലശേരി ഗവ. ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാൽ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. അങ്കണവാടി ഹെൽപ്പറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പിണറായി പൊലീസും ചൈൽഡ് ലൈനും അന്വേഷണം തുടങ്ങി.