കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; മതിയായ ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: ജില്ലാ ആശുപത്രി പരിസരത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവം വിവാദത്തില്‍. ജില്ലാ ആശുപത്രി അധികൃതര്‍ മതിയായ ചികിസ്‌സ നല്‍കാത്തതാണ് മരണത്തിന് കാരണമെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ ആംബൂലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നു.
ഇന്നലെ കാലത്ത് കണ്ണൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്ത് റോഡരുകില്‍ വീണ് കിടന്ന ഇതര സംസ്ഥാന തൊഴിലാളിയെ ഫയര്‍ ഫോഴ്‌സ് കാരാണ് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇയാളെ പിന്നീട് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ച് ആശുപത്രിയില്‍ നിന്നും ഇറക്കി വിടുകയായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞു.

അസഹ്യമായ വേദനകാരണം നടക്കാന്‍ പോലും സാധിക്കാത്ത ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചികില്‍സ നല്‍കാത്തതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും മതിയായ വിവരം നല്‍കാന്‍ തയ്യാറായില്ല. ഇയാള്‍ വൈകീട്ടോടെയാണ് ആതുര ശുശ്രൂഷാ കേന്ദ്രത്തിന് സമീപം വെച്ച് മരണപ്പെടുകയായിരുന്നു.
രോഗിമരണപ്പെട്ട വിവരം അറിഞ്ഞ് ആശുപത്രി പരിസരത്ത് എത്തിയ മാധ്യമ പ്രവര്‍ത്തകരോട് ആശുപത്രി അധികൃതര്‍ പറഞ്ഞത് ഇയാളെ പരിയാരത്തേക്ക് റഫര്‍ ചെയ്തുവെന്നായിരുന്നു.എന്നാല്‍ ആരും തുണയില്ലാത്ത ഇയാളെ പരിയാരത്ത് എത്തിക്കാന്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല, 108 ആംബുലന്‍സിനെ വിളിച്ചപ്പോള്‍ ഓട്ടത്തിലാണെന്നായിരുന്നു മറുപടി. അതേ സമയം ജില്ലാ ആശുപത്രിയുടെ രണ്ട് ആംബുലന്‍സ് ആശുപത്രി പരിസരത്ത് ഉണ്ടായിട്ടും ആ വണ്ടി ഉപയോഗിക്കാന്‍ തയ്യാറായില്ല. അതേ സമയം ചില സന്നദ്ധ സംഘടനകളുടെ ആംബുലന്‍സും ഇവിടെയുണ്ടായിരുന്നു അവരെ അറിയിക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും അവര്‍ ആരോപിച്ചു.