തലശ്ശേരി-മാഹി ബൈപ്പാസ്: സർവീസ് റോഡുകൾ അടച്ചു

തലശ്ശേരി മാഹി ബൈപ്പാസിൽ വിവിധയിടത്ത് സർവീസ് റോഡുകൾ അടച്ച് ദേശീയപാത വിഭാഗം. നെട്ടൂർ – ബാലം, കൊളശ്ശേരി, ചോനാടം എന്നിവിടങ്ങളിലാണ് കോൺക്രീറ്റ് ബ്ലോക്കുകൾ കൊണ്ട് റോഡടച്ച് മുന്നറിയിപ്പുബോർഡുകൾ സ്ഥാപിക്കുകയായിരുന്നു. അശാസ്ത്രീയമായ നടപടിയിൽ വലഞ്ഞതാവട്ടെ യാത്രക്കാരും നാട്ടുകാരും.ബാലത്തിൽനിന്ന് കൊളശ്ശേരിയിലേക്ക് പോകുന്ന സർവീസ് റോഡിൽ ചെറിയ ഭാഗം പൊട്ടിപ്പൊളിഞ്ഞുകിടപ്പുണ്ട്. ഈ റോഡ് അടച്ചിരിക്കുകയാണ്. ചോനാടം-കൊളശ്ശേരി സർവീസ് റോഡിൽ കൊളശ്ശേരി കവലയിലേയും വഴി അടച്ചിരിക്കുകയാണ്.

ബെപ്പാസിലൂടെ കണ്ണൂർ ഭാഗത്തുനിന്ന് കൊളശ്ശേരിയിലേക്ക് പോകേണ്ട യാത്രക്കാർ ബാലം സർവീസ് റോഡിലാണ് ഇറങ്ങേണ്ടത്. എന്നാൽ വഴിയടച്ചതിനാൽ ബാലത്തിൽനിന്ന് കൊളശ്ശേരിയിലേക്ക് പോകാനാവില്ല.വൺവേ പരിഗണിക്കാതെ കൊളശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡാണ് പലരും ആശ്രയിക്കുന്നത്. ചോനാടത്ത് ഭാഗികമായാണ് സർവീസ് റോഡിൽ തടസ്സമുണ്ടാക്കിയിട്ടുള്ളത്.ചോനാടത്തുനിന്ന് കൊളശ്ശേരി എത്തുന്നവരാവട്ടെ പലരും റോഡ് ബ്ലോക്കാക്കിയ ഇടത്തുനിന്ന് തിരിച്ചുപോവേണ്ട സ്ഥിതിയാണ്. ഇത്തരക്കാർ കൊളശ്ശേരിയിലെത്താൻ വൺവേ തെറ്റിച്ച് ചോനാടത്തുനിന്ന് സർവീസ് റോഡിൽ കയറണം.

ടോൾ ബൂത്തുകാരെ സഹായിക്കാനെന്ന് ആക്ഷേപം

സർവീസ് റോ‍‍ഡുകൾ ബ്ലോക്ക് ചെയ്തത് ടോൾ ബൂത്തുകാർക്ക് സൗകര്യമൊരുക്കാനാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കൊളശ്ശേരിക്കും ബാലത്തിനും മധ്യേയുള്ള ടോൾബൂത്ത് ഒഴിവാക്കാൻ ഒട്ടേറെപേർ സർവീസ് റോഡുകൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ സർവീസ് റോഡുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള കണക്കെടുപ്പ് ഇരുഭാഗത്തും ക്യാമറകൾ സ്ഥാപിച്ചു കൊണ്ട് ടോൾ ബൂത്ത് അധികൃതർ നടത്തിയിട്ടുണ്ട്. ഇതിനു ശേഷമാണ് ഇരുവശങ്ങളിലും സർവീസ് റോഡുകൾ അടച്ചത്. മുന്നറിയിപ്പ് സാമഗ്രികൾ സ്ഥാപിച്ചത് പോലീസിന്റെ അനുമതിയോടെയല്ലെന്നും അന്വേഷിക്കുമെന്നും ധർമടം ഇൻസ്‌പെക്ടർ ടി.പി. രജീഷ് പറഞ്ഞു.