നിപ പ്രതിരോധം ആരോഗ്യ വകുപ്പ് വിലയിരുത്തി

കണ്ണൂർ: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേർന്നു. ആരോഗ്യ വകുപ്പിൻ്റെ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ കലണ്ടർ പാലിക്കാൻ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകി.

നിപ മുന്നൊരുക്കത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ പ്രധാന ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ നിർദേശം നൽകി.

നിർദേശങ്ങൾ:

▫️വീണ് കിടക്കുന്നതും പക്ഷികൾ കടിച്ചു എന്ന് സംശയിക്കുന്നതുമായ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. പഴങ്ങൾ കഴുകി വൃത്തിയാക്കി മാത്രം കഴിക്കുക.

▫️നിപ രോഗിയുമായോ അവരുടെ സമ്പർക്കത്തിൽ വന്ന വ്യക്തികളുമായോ ജില്ലയിലെ ആരെങ്കിലും സമ്പർക്കത്തിൽ വന്നതായി സംശയിക്കുന്നുണ്ടെങ്കിൽ ആരോഗ്യ വകുപ്പ് പ്രവർത്തകരെ അറിയിക്കുക.

▫️രോഗലക്ഷണങ്ങൾ ഉള്ളവർ പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക.

▫️ആസ്പത്രികൾ സന്ദർശിക്കുന്നവരും ആൾക്കൂട്ടങ്ങളിലേക്ക് പോകുന്നവരും മാസ്ക് ധരിക്കുന്നത് അഭികാമ്യം.

▫️പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ ജീവിത ശൈലി രോഗങ്ങൾ എന്നിവ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കുക.