പരാതികളും നിർദേശങ്ങളും ക്യു ആർ കോഡ്‌ സ്‌കാൻ ചെയ്‌തറിയിക്കാം

കണ്ണൂർ: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് അഭിപ്രായങ്ങൾ പങ്കുവയ്‌ക്കാൻ ക്യു ആർ കോഡ് സംവിധാനവുമായി ഡിടിപിസി. പയ്യാമ്പലം ബീച്ച്, പാർക്ക്, സീ പാത്ത് വേ, ധർമടം ബീച്ച്, പാർക്ക്, പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രം എന്നിവിടങ്ങളിൽ ക്യു ആർ കോഡ് ബോർഡ് സ്ഥാപിച്ച് വിജയിച്ചതിനെ തുടർന്നാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ നൽകാം.

രണ്ടാം ഘട്ടമായി വയലപ്ര പാർക്ക്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പഴശ്ശി ഉദ്യാനം, ചൂട്ടാട് ബീച്ച് പാർക്ക്, പാലക്കാട് സ്വാമി മഠം പാർക്ക്, പാലക്കയം തട്ട് ടൂറിസം കേന്ദ്രം, തലശേരി ഗുണ്ടർട്ട് മ്യൂസിയം എന്നിവിടങ്ങളിൽ 15നകം ക്യൂആർ കോഡ്‌ വരും. ചാൽബീച്ചിൽ സ്ഥാപിച്ച ക്യു ആർ കോഡ് വഴി പ്രവേശന സമയം, സുരക്ഷിതമായി ഇറങ്ങാൻ മാർക്ക് ചെയ്ത സ്ഥലം, ലൈഫ് ഗാർഡ് ഡ്യൂട്ടിയിലുള്ളവരുടെ വിവരങ്ങൾ, ബീച്ച് മാപ്പ്, ടർട്ടിൽ ഹാച്ചറി തുടങ്ങിയ വിവരങ്ങൾ ലഭിക്കും.