ദുരന്ത നിവാരണ അതോറിറ്റി യോഗം:ജില്ലയില്‍ വരള്‍ച്ച മുന്നൊരുക്കത്തിന് നിര്‍ദേശം
കണ്ണൂർ:-മണ്‍സൂണ്‍ മഴയില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ വരള്‍ച്ച തടയാനുള്ള മുന്നൊരുക്ക നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ നിര്‍ദേശം നല്‍കിയത്.
ജലസ്രോതസുകള്‍ മലിനമാകാതെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും നടപടി സ്വകീരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുളള പ്രവര്‍ത്തനവും നടത്തും. കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ജലസ്രോതസുകള്‍ മലിനമാകാതിരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് വകുപ്പുകളും ആവശ്യമായ ഇടപെടല്‍ നടത്തണം.
ജലസ്രോതസുകള്‍ വൃത്തിയാക്കുന്നതിന് ആവശ്യമെങ്കില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്താനും നിര്‍ദേശം നല്കി. വാട്ടര്‍ കിയോസ്കുകള്‍ എല്ലാം ഉപയോഗക്ഷമമാണെന്ന് ഉറപ്പുവരുത്തും.
വരള്‍ച്ചാസാധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ തദ്ദേശസ്ഥാപനങ്ങളോട് യോഗം ആവശ്യപ്പെട്ടു.
ഹാളുകളില്‍ നടക്കുന്ന പരിപാടികളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗരേഖയുടെ കരട് യോഗത്തില്‍ അവതരിപ്പിച്ചു. ഇന്‍ഡോര്‍ പരിപാടികള്‍ സംബന്ധിച്ച് മുന്‍കൂട്ടി അധികൃതര്‍ക്ക് വിവരം നല്‍കുക, തദ്ദേശ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്സ്, പൊലീസ് തുടങ്ങിയവരടങ്ങുന്ന സംഘം സ്ഥലം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുക, സുരക്ഷക്കായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുക, സി സി ടി വിയുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കുക, ജനത്തിരക്ക് ഒഴിവാക്കുക, അടിയന്തര സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക തുടങ്ങിയ നിരവധി നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയിലുള്ളത്. ഇത് വിവിധ വകുപ്പുകളുടെ പരിശോധനക്ക് ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അംഗീകരിക്കും.
അഴീക്കോട്, മുഴപ്പിലങ്ങാട്, പുതിയങ്ങാടി, മാട്ടൂല്‍ തുടങ്ങിയ വില്ലേജുകളിലെ കടല്‍ പുറമ്പോക്കില്‍ പട്ടയം നല്‍കാനുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കാന് കമ്മിറ്റി നിര്‍ദ്ദേശിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ അരുണ്‍ കെ വിജയന്, ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.