മാലിന്യം കത്തിച്ചു; ഹോട്ടലിന് കെ സ്‌മാർട്ട് വഴി പിഴയീടാക്കി

കണ്ണൂർ : പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ സ്മാർട്ട് വഴി കണ്ണൂർ കോർപ്പറേഷനിൽ ഹോട്ടൽ ഉടമയിൽനിന്ന് 25,000 രൂപ പിഴയീടാക്കി. സംസ്ഥാനത്ത് ആദ്യമായാണ് കെ സ്മാർട്ട് വഴി പിഴ ഈടാക്കിയത്. ചൊവ്വാഴ്ച രാത്രി പള്ളിയാമൂലയിൽ ജനവാസമേഖലയിൽ മാലിന്യം കത്തിക്കുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നൈറ്റ് സ്ക്വാഡ് പരിസരവാസികളിൽനിന്ന് മൊഴിയെടുത്ത് ഹോട്ടൽ കണ്ടെത്തുകയായിരുന്നു.

പയ്യാമ്പലം അസറ്റ്‌ ഹോമിലെ യുണൈറ്റഡ് കോക്കനട്ട് എന്ന ഹോട്ടലിലെ പ്ലാസ്റ്റിക് കടലാസ് മാലിന്യങ്ങളാണ് ജനവാസ മേഖലയിൽ കൂട്ടിയിട്ട് കത്തിച്ചതെന്ന് കണ്ടെത്തി. തുടർന്നാണ് പിഴ ചുമത്തിയത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ അനുഷ്ക, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി ഹംസ, സി ആർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് നടപടിയെടുത്തത്. രാത്രിയും പകലും ഹെൽത്ത് ഇൻസ്പെക്ടർ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് നിയമലംഘനം കണ്ടെത്താൻ കർശന പരിശോധന നടത്തുമെന്ന് കോർപ്പറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എം പി രാജേഷ് അറിയിച്ചു.