സെമസ്റ്റർ പരീക്ഷ ഫലം 10 ദിവസത്തിനകം പ്രസിദ്ധീകരിക്കാനൊരുങ്ങി കണ്ണൂർ സർവകലാശാല

കണ്ണൂർ : പരീക്ഷ കഴിഞ്ഞു ഫലത്തിനായി
മാസങ്ങൾ കാത്തിരിക്കുന്ന അവസ്ഥ‌ മാറുന്നു. ഡിസംബർ 9നു സമാപിച്ച, നാലുവർഷ ബിരുദ കോഴ്‌സിൻ്റെ ആദ്യ സെമസ്റ്റർ പരീക്ഷയുടെ ഫലം 10 ദിവസത്തിനകം പ്രസിദ്ധീകരിക്കാൻ കണ്ണൂർ സർവകലാശാല ഒരുങ്ങുന്നു. സർവകലാശാലയിൽ ഫലം പ്രസിദ്ധീകരിക്കുമ്പോൾതന്നെ വിദ്യാർഥിയുടെ മൊബൈൽ ആപ്പിലും ഫലം ലഭിക്കും. നാലു വർഷ ബിരുദ കോഴ്‌സ് നടപ്പാക്കിയ കേരളത്തിലെ മറ്റു സർവകലാശാലകളിൽ മൂല്യനിർണയം നടക്കുമ്പോഴാണു കണ്ണൂർ ഫല പ്രഖ്യാപനത്തിലെത്തിയത്.

നവംബർ 25 മുതൽ ഡിസം ബർ 9 വരെയായിരുന്നു പരീക്ഷകൾ. ഉത്തരക്കടലാസ് മൂല്യനിർ ണയം പൂർത്തിയായത് 12നും. പരീക്ഷ നടക്കുന്നതോടൊപ്പംതന്നെ മൂല്യനിർണയവും തുടങ്ങിയതാണ് ഇത്രയും പെട്ടെന്നു ഫലപ്രഖ്യാപനത്തിലെത്താൻ കാരണം. നാലു വർഷ ബിരുദ കോഴ്‌സ് നടത്തിപ്പിനുള്ള കെ- റീപ് (കേരള റിസോഴ്‌സ്‌ ഫോർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ്) സോഫ്റ്റ്വെയർ ആണ് ഫലം വേഗത്തിലാക്കാൻ വൈസ് ചാൻസലർ ഡോ.കെ.കെ.സാജു പറഞ്ഞു. മൂല്യനിർണയം നടത്തിയ അധ്യാപകൻ, വകുപ്പു മേധാവി, പ്രിൻസിപ്പൽ എന്നിവർ പരിശോധിച്ചശേഷമാണു മാർക് അപ്ലോഡ് ചെയ്യുന്നത്. അതിനാൽ പരീക്ഷാഫലത്തിൽ തെറ്റുകൾ കുറവായിരിക്കും.

ഇക്കുറി വിദ്യാർഥികൾക്കു ഹാൾടിക്കറ്റ് ലഭ്യമാക്കിയത് ആപ് വഴിയായിരുന്നു.

സർവകലാശാല ഒരുക്കിയ ചോദ്യബാങ്ക് വഴിയായിരുന്നു 278 പരീക്ഷകളുടെ ചോദ്യക്കടലാസ് തയാറാക്കിയത്. ചോദ്യബാങ്ക് വഴി ചോദ്യക്കടലാസ് തയാറാക്കിയതും കണ്ണൂരിൽ മാത്രമായിരുന്നു. ചോദ്യ ബാങ്ക് ഉള്ളതിനാൽ ഏതുസമയത്തും ഏതു വിഷയത്തിലും പരീക്ഷ നടത്താവുന്ന സംവിധാനമാണുള്ളതെന്നു റജിസ്ട്രാർ ജോബി കെ.ജോസ് പറഞ്ഞു.

പരീക്ഷാഫലം പ്രഖ്യാപിക്കു മ്പോൾ തന്നെ വിദ്യാർഥിക്ക് ആപ് വഴി പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാം. സപ്ലിമെന്ററി പരീക്ഷകൾ ഒരു വർഷം കഴിഞ്ഞാണ് ഇതുവരെ നടന്നിരുന്നതെങ്കിൽ ഇനി ആദ്യ സെമസ്‌റ്റർ ഫലം വന്ന ഉടൻ നടത്താനുള്ള പരീക്ഷ ഒരുക്കത്തിലാണു സർവകലാശാല. ഇതോടെ വിദ്യാർഥിക്കുള്ള സമയനഷ്ടം ഇല്ലാതാക്കാൻ കഴിയും.