തീവണ്ടിയുടെ വാതില്‍ പടിയില്‍ ഇരുന്ന് യാത്ര ചെയ്ത രണ്ട്‌ യുവതികളുടെ കാലുകൾ പ്ലാറ്റ്ഫോമിൽ ഉരഞ്ഞ് സാരമായി പരിക്കേറ്റു

കണ്ണൂര്‍: തീവണ്ടിയുടെ വാതില്‍ പടിയില്‍ ഇരുന്ന് യാത്ര ചെയ്ത രണ്ട്‌ യുവതികളുടെ കാലുകൾ പ്ലാറ്റ്ഫോമിൽ ഉരഞ്ഞ് സാരമായി പരിക്കേറ്റു. മാട്ടൂല്‍ നോര്‍ത്ത്, വെങ്ങര സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആസ്പത്രി ജീവനക്കാരാണ്. വ്യാഴം വൈകിട്ട് നാലിന് മംഗളൂരു ചെന്നൈ മെയിലിൽ ആണ് സംഭവം.

പഴയങ്ങാടിയില്‍ നിന്ന് കയറിയ യുവതികള്‍ വണ്ടിയുടെ വാതില്‍ പടിയില്‍ ഇരുന്ന് യാത്ര ചെയ്യുക ആയിരുന്നുവെന്ന് ആര്‍ പി എഫ് പറഞ്ഞു. കണ്ണപുരം സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഉരഞ്ഞാണ് മുറിവേറ്റത്. ഉടന്‍ കോച്ചിൽ ഉണ്ടായിരുന്നവർ അപായ ചങ്ങല വലിച്ച്‌ വണ്ടി നിര്‍ത്തി.

പ്രഥമശുശ്രൂഷ നല്‍കിയ ശേഷം പുറപ്പെട്ട വണ്ടി കണ്ണൂരിൽ എത്തിയ ഉടന്‍ ആര്‍ പി എഫും പോലീസും ചേര്‍ന്ന് ആംബുലന്‍സില്‍ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചു. പരിക്കേറ്റ ഒരാളുടെ രണ്ട് കാലുകള്‍ക്കും ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.