നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞു ; നീലേശ്വരം സ്വദേശിയായ യുവാവ് അന്തരിച്ചു
കണ്ണൂർ : നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശിയായ യുവാവ് അന്തരിച്ചു. നീലേശ്വരം കൊട്രച്ചാലിലെ എ.കെ. ബാലകൃഷ്ണൻ-ഓമന ദമ്പതികളുടെ മകൻ എ.കെ. അനുരാഗ് (24) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന അനുരാഗ് തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് മരണപ്പെട്ടത്.
കഴിഞ്ഞ 25-ാം തീയതി രാത്രി 11 മണിയോടെ ചെറുവത്തൂർ എരഞ്ഞിക്കൽ തുരുത്തി പൊട്ടൻ ദൈവം ദേവസ്ഥാനത്തിന് സമീപത്തായിരുന്നു അപകടം. മടക്കരയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് ഓവുചാലിലേക്ക് മറിയുകയായിരുന്നു. അബോധാവസ്ഥയിൽ ഓവുചാലിൽ കിടന്നിരുന്ന അനുരാഗിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അനുഷയാണ് സഹോദരി. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോട്ടപ്പുറം സമുദായ സ്മശാനത്തിൽ സംസ്കരിച്ചു.
