കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കൂടി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഓഗസ്റ്റിലും യാത്രക്കാരുടെ എണ്ണത്തിൽ വർധന. എയർപോർട്ട് അതോറിറ്റിയുടെ കണക്കുപ്രകാരം ജൂലായ് മാസത്തേക്കാൾ 4986 യാത്രക്കാരുടെ വർധനയാണുണ്ടായത്. 3153 അന്താരാഷ്ട്രയാത്രക്കാരുടെയും 1833 ആഭ്യന്തരയാത്രക്കാരുടെയും വർധനയുണ്ടായി. ജൂലായിലും 3427 യാത്രക്കാരുടെ വർധനയുണ്ടായിരുന്നു.89,313 അന്താരാഷ്ട്രയാത്രക്കാരും 30,059 ആഭ്യന്തരയാത്രക്കാരുമാണ് ഓഗസ്റ്റിൽ കണ്ണൂർ വിമാനത്താവളംവഴി യാത്രചെയ്തത്.സർവീസുകളുടെ എണ്ണം കഴിഞ്ഞമാസം ആയിരം കടന്നു. ആകെ 1006 സർവീസുകളാണ് നടത്തിയത്. ജൂലായിൽ കണ്ണൂരിൽ 967 സർവീസുകളാണുണ്ടായിരുന്നത്. അതേസമയം ചരക്കുനീക്കത്തിൽ കുറവാണ് രേഖപ്പെടുത്തിയത്.ജൂലായിൽ 641 ടൺ ചരക്ക് വിദേശത്തേക്ക് കയറ്റി അയച്ചിരുന്നത് ഓഗസ്റ്റിൽ 438 ആയി കുറഞ്ഞു. ഓണക്കാലമായതിനാൽ ഈ മാസം 100 ടണ്ണോളം അധികം കയറ്റുമതി നടന്നിട്ടുണ്ട്. പച്ചക്കറികൾ, പൂക്കൾ, വാഴയില തുടങ്ങിയവയാണ് ഗൾഫ് നാടുകളിലേക്ക് കയറ്റിയയച്ചത്.