Latestകണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച സമരം തുടങ്ങി

ക ണ്ണൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലില്‍ അണ്ടര്‍പാസേജ് നിര്‍മ്മിക്കാനുള്ള നടപടികളില്ലാത്തതില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച സമരം തുടങ്ങി.നടാല്‍ ഒ കെ യു പി സ്‌കൂളിന് സമീപം അടിപ്പാത നിര്‍മിക്കുമെന്ന ഉറപ്പ് ദേശീയ പാത അധികൃതര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ബസ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

പണി മുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. അധിക സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി പല ഭാഗങ്ങളിലും അധിക സര്‍വ്വീസ് നടത്തുന്നത് ദുരിതത്തിന് താത്കാലിക ആശ്വാസമേകിയിട്ടുണ്ട്.ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ പൂര്‍ണ്ണമായും ഇന്ന് രാവിലെ മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചതോടെ പതിനായിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി.

കണ്ണൂര്‍ – തലശേരി -‘ കൂത്തുപറമ്പ് – കണ്ണൂര്‍, തലശേരി – പാനൂര്‍ മാഹി പാലം,’ തളിപ്പറമ്പ് – കണ്ണൂര്‍, തളിപറമ്പ് -ആലക്കോട് – ശ്രീ കണ്ഠാപുരം,പയ്യന്നൂര്‍ – തളിപറമ്പ്, ഇരിക്കൂര്‍ – തലശേരി – മട്ടന്നൂര്‍ -കണ്ണൂര്‍ എന്നി വിവിധ മേഖലകളില്‍ ബസ് സര്‍വീസുകള്‍ മുടങ്ങി. സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡുകളിലും റോഡരികിലും നിര്‍ത്തിയിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെയാണ് ആശ്രയിക്കുന്നത്. പണിമുടക്കില്‍ യാത്രാ ക്ലേശം പരിഹരിക്കാന്‍ സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്.