Latestകേരളം

തെയ്യത്തിന് നേരെ തെരുവുനായ്ക്കളുടെ ആക്രമണശ്രമം

കണ്ണൂർ : നടുവിൽ ബാലവാടിക്കു സമീപം പുലർച്ചെ പെരുവാറ്റിന് ഇറങ്ങിയ തെയ്യത്തിന് നേരെ തെരുവുനായ്ക്കളുടെ ആക്രമണശ്രമം. നടുവിൽ പള്ളിത്തട്ട് മന്നൻകണ്ടി തറവാട് ദേവസ്ഥാനത്ത് കെട്ടിയാടിയ ആലക്കുന്ന് ചാമുണ്ഡി തെയ്യത്തിന് നേരെയാണ് നായ്ക്കൂട്ടം ചീറിയടുത്തത്. എന്നാൽ തെയ്യം അട്ടഹസിക്കുകയും കാലിലെ ചിലമ്പ് കിലുക്കുകയും ചെയ്തതോടെ ഭയന്ന നായ്ക്കൾ തിരിഞ്ഞോടുകയായിരുന്നു.

ആചാരപ്രകാരം ചുഴലി ഭഗവതി ക്ഷേത്രം, പൊള്ളോലിടം എന്നിവിടങ്ങൾ സന്ദർശിച്ച് ഒതയോത്തിടത്തേക്ക് ഇടറോഡിലൂടെ വേഗത്തിൽ നടന്നുപോകുമ്പോഴാണ് മൂന്ന് തെരുവുനായ്ക്കൾ തെയ്യത്തെ തടഞ്ഞത്. അകമ്പടികളോ വാദ്യക്കാരോ ഇല്ലാതെ തെയ്യം ഒറ്റയ്ക്ക് നടത്തുന്ന ചടങ്ങാണ് ‘പെരുവാറ്റ് പാച്ചിൽ’. ഈ സമയത്തായിരുന്നു സംഭവം. തളിപ്പറമ്പിലെ അഭിഭാഷകൻ എ.പി. കണ്ണന്റെ മകനും പത്തൊമ്പതുകാരനുമായ ആദിത്യനാഥാണ് ഇത്തവണ ഇവിടെ കോലമണിഞ്ഞത്.

പുലർച്ചെ നേരിയ വെളിച്ചത്തിൽ തെയ്യം നടന്നുപോകുന്ന വഴികളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നത് കലാകാരന്മാർക്ക് വലിയ ഭീഷണിയാവുകയാണ്. ആദിത്യനാഥിന്റെ മനസ്സാന്നിധ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു.