ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് ഇന്ന് വിദഗ്ധ പരിശോധന
കണ്ണൂര്‍:കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും.ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്. കഴുത്തിലെ ക്ഷതം, എംആർഐ സ്കാനിംഗ് ഉള്‍പ്പെടെ നടത്തി ആവശ്യമായ ചികിത്സ നല്‍കണമെന്നാണ് മെഡിക്കല്‍ ബോർഡ് തീരുമാനം. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് മുതല്‍ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതല്‍ പരിശോധനകള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, കണ്ണൂർ കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. അര്‍ധരാത്രിയോടെയാണ് സംഭവം. കല്ലില്‍ത്താഴയിലുള്ള പാറാല്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിനാണ് തീയട്ടത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
