Latestകണ്ണൂര്‍

കണ്ണൂരില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്

കണ്ണൂർ:പാറക്കണ്ടി ബവ്റിജസ് ഔട്ട്‌ലെറ്റിന് സമീപം കടവരാന്തയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശിയായ ശശി എന്ന ആളെയാണ് സംശയം തോന്നി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തോട്ടട സമാജ് വാദി നഗറിലെ ഷെല്‍വി ആണ് മരിച്ചത്. എന്നലെ രാവിലെയാണ് ഇവരെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ തലയ്ക്ക് ഗുരുതരമായി മുറിവേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തിയിരുന്നു

മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് തലേദിവസം ഷെല്‍വിയെ ചില ആളുകള്‍ ശശിക്കൊപ്പം കണ്ടിരുന്നു. മാത്രമല്ല സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലും ഇയാളുടെ സാന്നിധ്യം വ്യക്തമാണ്. ഇതിന് പിന്നാലെയാണ് ശശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. നഗരത്തിലെ ആക്രി പെറുക്കി വില്‍ക്കുന്ന ജോലിയാണ് ഷെല്‍വിയുടേത്.

സാധാരണ രാത്രി സമയങ്ങളില്‍ ഇവർ കടത്തിണ്ണയിലാണ് കിടന്നുറങ്ങാറ്. ആക്രി പെറുക്കി വില്‍ക്കുന്ന ജോലി ആയിരുന്നു ശശിയും ചെയ്തിരുന്നത്. മാത്രമല്ല കുറച്ച്‌ നാളുകളായി ശശി ഷെല്‍വിക്കൊപ്പമായിരുന്നു. തിങ്കളാഴ്ച രാത്രി ഇരുവരും തമ്മില്‍ ചില വാക്കുതർക്കങ്ങള്‍ ഉണ്ടായെന്നും ഇത് കയ്യാങ്കളിയില്‍ കലാശിച്ചെന്നുമാണ് വിവരം. കയ്യാങ്കളിക്കിടെ ശശി ഷെല്‍വിയുടെ തലയ്ക്കടിച്ച്‌ പരുക്കേല്‍പ്പിച്ചതായാണ് വിവരം.