Latestകേരളം

വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ച്‌ കര്‍ണ്ണപടം പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

കാസർകോട്: കുണ്ടംകുഴി സ്കൂളില്‍ പത്താം ക്ലാസുകാരനെ മുഖത്തടിച്ച്‌ കർണ്ണപടം പൊട്ടിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റർ എം അശോകനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ബേഡകം പൊലീസ് കേസെടുത്തു.ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്ട്രര്‍ ചെയ്തത്. ഇന്ന് കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ തെളിവെടുക്കും.

സംഭവത്തില്‍ ഇന്നലെ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി മധുസൂദനൻ ഇന്നലെ കുണ്ടംകുഴി സ്കൂളിലെത്തി ഹെഡ്മാസ്റ്ററിന്റെയും വിദ്യാർത്ഥിയുടെയും മൊഴിയെടുത്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജിഎച്ച്‌എസ്‌എസിലെ അസംബ്ലിക്കിടെ പത്താം ക്ലാസുകാരനെ ഹെഡ്മാസ്റ്റർ അടിച്ച്‌ കർണ്ണപടം പൊട്ടിച്ചത്. മാധ്യമങ്ങളില്‍ വാർത്തകള്‍ വന്നതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കുട്ടിയെ അസംബ്ലിയില്‍ വച്ച്‌ അടിക്കുന്നത് കണ്ട അനിയത്തിക്ക് മാനസികാഘാതമുണ്ടായെന്ന് കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.