Latestകേരളം

ബാധ ഒഴിപ്പിക്കാൻ വന്ന് കോളജ് വിദ്യാര്‍ഥിനിയുമായി മുങ്ങിയ മന്ത്രവാദി പിടിയിൽ

കാസർഗോഡ്:മാതാവിൻ്റെ ‘ബാധ’ ഒഴിപ്പിക്കാനെന്ന പേരില്‍ വീട്ടിലെത്തിയ മന്ത്രവാദി കോളേജ് വിദ്യാർത്ഥിനിയുമായി മുങ്ങിയ കേസില്‍ ഇരുവരെയും വീരാജ്‌പേട്ടയില്‍ നിന്നും പിടികൂടി.വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുല്‍ റഷീദി (41) നെയും ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന 19 വയസുള്ള കോളജ് വിദ്യാർത്ഥിനിയെയും ചൊവ്വാഴ്ച പിടികൂടി കാഞ്ഞങ്ങാട്ടെത്തിച്ചത്. തുടർന്ന് പ്രതിയെ വിദ്യാനഗർ പൊലീസിന് കൈമാറി.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒരാഴ്ചയിലധികമായി ഇവർക്കായി ആന്ധ്രപ്രദേശ്, കർണ്ണാടക, തമിഴ്‌നാട്, വയനാട് എന്നിവിടങ്ങളിലായി തിരച്ചില്‍ നടത്തിവരികയായിരുന്നു.സെപ്റ്റംബർ 22-നാണ് കോളേജിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാർത്ഥിനിയെ കാണാതായത്.പെണ്‍കുട്ടിയുടെ മാതാവിൻ്റെ ‘ബാധ’ ചികിത്സിക്കാനെന്ന പേരിലാണ് അബ്ദുള്‍ റഷീദ് ഇടയ്ക്കിടെ വീട്ടില്‍ വന്നിരുന്നത്. ‘മകളെ വശത്താക്കി തട്ടികൊണ്ടു പോയെന്നാണ്’ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിനോട് മൊഴി നല്‍കിയിരുന്നത്. അബ്ദുള്‍ റഷീദിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.