കാസര്‍കോട് നിര്‍മ്മാണത്തിലിരിക്കുന്ന സ്വിമ്മിംഗ് പൂളില്‍ പ്ലംബിംഗ് തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കാസർകോട്: സ്വിമ്മിംഗ് പൂളില്‍ പ്ലംബിംഗ് ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബെള്ളൂർ മുക്കടംഗോളിയിലെ ചിക്കപ്പറൈ, രത്നാവതി ദമ്പതികളുടെ മകൻ പ്രഭാകര റൈ (39) ആണ് മരിച്ചത്.അപകടം സംഭവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിവരം പുറത്തറിയുന്നത്.
അപകടം വൈകുന്നേരം നാല് മണിയോടെ
മധൂർ പട്ള ഗവ. സ്കൂളിന് സമീപത്തെ അബ്ദുല്ല എന്നയാളുടെ വീട്ടുമുറ്റത്ത് നിർമ്മാണം പുരോഗമിക്കുന്ന സ്വിമ്മിംഗ് പൂളിലാണ് അപകടം ഉണ്ടായത്. 2026 മാർച്ച് 3 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. സ്വിമ്മിംഗ് പൂളിന്റെ നിർമ്മാണ ചുമതല മുഹാദ് എന്നയാള്‍ക്കാണ്. പ്രഭാകര റൈ ഇയാളുടെ സഹായിയായി പ്ലംബിംഗ് ജോലിക്കായി സ്ഥലത്തെത്തിയതായിരുന്നു.
ബന്ധുക്കളുടെ അന്വേഷണത്തില്‍ കണ്ടെത്തല്‍
നോമ്പ് നോക്കുന്ന സാഹചര്യത്തില്‍ മുഹാദ് വൈകുന്നേരം നാല് മണിയോടെ ജോലി നിർത്തി പ്രഭാകര റൈയോടും ജോലി അവസാനിപ്പിച്ച് പോകാൻ ആവശ്യപ്പെടുകയും, തുടർന്ന് അദ്ദേഹം സ്ഥലത്ത് നിന്ന് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ജോലി കഴിഞ്ഞിട്ടും പ്രഭാകര റൈ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. പിന്നീട് ഇയാളെ സ്വിമ്മിംഗ് പൂളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നാല് മണിക്ക് ശേഷമാണ് അപകടം നടന്നതെന്ന് വ്യക്തമായിട്ടുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചു
വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത് കാസർകോട് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കാസർകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യുതി സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമാകും.
