കാസർകോട് പ്ലസ് വൺ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത് സീനിയര്‍ വിദ്യാര്‍ത്ഥികൾ
കുമ്പള (കാസർകോട്): കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. അംഗടിമുഗർ ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് റാഗിംഗിന് ഇരയായത്. യൂണിഫോം ധരിക്കാത്തതിനാണ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതെന്ന് പരാതിയിൽ പറയുന്നു. സ്കൂളിന് സമീപത്തെ ബസ് വെയിറ്റിംഗ് ഷെഡിലാണ് സംഭവം.
വിദ്യാർത്ഥിയെ തടഞ്ഞുവച്ച സീനിയർ വിദ്യാർത്ഥികൾ മോട്ടോർസൈക്കിൾ സാങ്കൽപ്പികമായി ഓടിക്കാൻ ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്കൂളിൽ വൈകി ചേർന്നതിനാൽ യൂണിഫോം ലഭിച്ചിരുന്നില്ലെന്നും ഇതാണ് സാധാരണ വസ്ത്രം ധരിക്കാൻ കാരണമെന്നുമാണ് വിദ്യാർത്ഥിയുടെ വിശദീകരണം. ചൊവ്വാഴ്ച വൈകിട്ടാണ് റാഗിംഗ് നടന്നതെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. രക്ഷിതാവിന്‍റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.