Latestകേരളം

അള്‍ട്രാവയലറ്റ് വികിരണതോത് വര്‍ദ്ധിക്കുന്നു… ഇന്ന് 11 സ്ഥലങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് വർദ്ധിക്കുന്നു. ഇന്ന് 11 സ്ഥലങ്ങളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കേണ്ടതാണ്.

തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്‌മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇൻഡക്സ് കണക്ക് പ്രകാരം കൊട്ടാരക്കര(കൊല്ലം), കോന്നി(പത്തനംതിട്ട), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാർ(ഇടുക്കി), കളമശ്ശേരി(എറണാകുളം), ഒല്ലൂർ(തൃശ്ശൂർ),തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം), ബേപ്പൂർ(കോഴിക്കോട്), മാനന്തവാടി(വയനാട്) എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

അള്‍ട്രാ വയലറ്റ് സൂചിക 6 മുതല്‍ 7 വരെ യെല്ലോ അലര്‍ട്ടും 8 മുതല്‍ 10 വരെ ഓറഞ്ച് അലര്‍ട്ടും 11ന് മുകളില്‍ എത്തുമ്പോള്‍ റെ‍ഡ് അലര്‍ട്ടുമാണ്.

നിർദ്ദേശങ്ങളിങ്ങനെ…

പകല്‍ 10 മുതല്‍ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. പുറം ജോലികളില്‍ ഏർപ്പെടുന്നവർ, കടലിലും ഉള്‍നാടൻ മല്‍സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കുകയും വേണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. ആയതിനാല്‍ ഇവിങ്ങളില്‍ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.