Latest Newsകേരളംവാര്‍ത്തകള്‍

നിയമസഭയിലെ തർക്കം; വാച്ച് ആൻഡ് വാർഡിനെ മർദിച്ചു, മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയിലെ തർക്കത്തിൽ കടുത്ത നടപടി സ്വീകരിച്ച് സ്പീക്കർ. മൂന്ന് പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്തു. അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കോവളം എംഎൽഎ എം. വിൻസന്റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തതെന്ന് സ്പീക്കർ അറിയിച്ചു. വാച്ച് ആൻഡ് വാർഡിനെ മർദിച്ചെന്ന് ആരോപണത്തെ തുടർന്നാണ് നടപടി.

വാച്ച് ആൻഡ് വാർഡുമാർക്കെതിരേ തുടർച്ചയായി പ്രതിപക്ഷ എംഎൽഎമാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നു. സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവർത്തനങ്ങളും പ്രതികരണങ്ങളുമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതേ തുടർന്ന് എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രമേയം അവതരിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മൂന്ന് എംഎൽഎമാരെ സസ്പെൻഡ് ചെയ്തതായി സ്പീക്കർ അറിയിച്ചത്.

ശബരിമല സ്വർണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി സഭയിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്.